തിരിച്ചടിയുടെ സമയവും സ്വഭാവവും സൈന്യത്തിന് തീരുമാനിക്കാം; പൂർണ സ്വാതന്ത്ര്യം നൽകി മോദി.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയതായാണ് സൂചന.

ബുധനാഴ്ച സുരാക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകിട്ട് ഉന്നതതല യോഗം ചേർന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെതന്നെ ഉന്നതല കൂടിക്കാഴ്ചകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് -പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടാതെ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും സംയുക്ത സേനാമേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സുരക്ഷാ കാര്യങ്ങൾക്കുള്ള പാർലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!