നിറ്റ് പരീക്ഷ നിർത്തലാക്കണം, തമിഴ് നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ : നിറ്റ് പരീക്ഷയിലെ തുടർച്ചയായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കേന്ദ്ര സർക്കാരിനോട് ആവിശ്യപെട്ടു . തുടർച്ചയായി ഉണ്ടാകുന്ന ചോദ്യ പേപ്പർ ചോർച്ച നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ജന മനസ്സിൽ പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വിജയ് തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.

നിറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തില്‍, സംസ്ഥാനങ്ങള്‍ക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024-ല്‍ ആറ് സംസ്ഥാനങ്ങളിലായി ചോദ്യ പേപ്പർ ചോർച്ച ഉണ്ടാവുകയും സിബിഐ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി 95 പരിഷ്കാരങ്ങള്‍ നിർദ്ദേശിച്ചിട്ടും വീണ്ടും ക്രമക്കേടുകള്‍ ആവർത്തിക്കുന്നത് പരീക്ഷയുടെ ഘടനാപരമായ പിഴവുകള്‍ക്ക് തെളിവാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി

നീറ്റ് പരീക്ഷ നഗര കേന്ദ്രീകൃതമായ, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് മാത്രമാണ് ഗുണകരമാകുന്നത്. ഗ്രാമീണ മേഖലയിലെയും സാധാരണക്കാരായ വിദ്യാർത്ഥികളെയും ഇത് മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളുന്നു. ദേശീയ തലത്തിലുള്ള ഇത്തരം പരീക്ഷകളിലെ പാളിച്ചകള്‍ക്ക് ഈ സംഭവങ്ങള്‍ വ്യക്തമായ തെളിവാണ്. പരീക്ഷാ സമ്പ്രദായം പാടേ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷൻ നല്‍കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും  വിജയ് എക്സില്‍ കുറിച്ചു.

നീറ്റ് പരീക്ഷ നിലവില്‍ വന്ന കാലം മുതല്‍ തമിഴ്‌നാട് ഇതിനെ എതിർത്തു വരികയാണ്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പാർട്ടികളും നീറ്റിനെതിരെ രംഗത്തുണ്ട്. പ്രാദേശിക ഭാഷകളില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് നീറ്റ് വലിയൊരു തടസ്സമാണെന്നും, പരീക്ഷാ പരിശീലനത്തിന് പണം ചെലവാക്കാൻ കഴിയുന്നവർക്ക് മാത്രമേ ഡോക്ടറാകാൻ കഴിയൂ എന്ന അവസ്ഥ മാറണമെന്നും സംസ്ഥാന സർക്കാർ നിരന്തരമായി വാദിക്കുന്നുണ്ട്. അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ ടിവികെ സര്‍ക്കാരും ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!