ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ

മുംബൈ: ജേക്കബ് ബെത്തലെന്ന 22-കാരന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് കൈയടി. ഇംഗ്ലണ്ട് ഉയർത്തിയ കടുത്ത പോരാട്ടവീര്യം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

ഒരു ഘട്ടത്തിൽ 7.3 ഓവറിൽ നാലിന് 95 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് ബെത്തൽ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ് കണ്ടത്. 48 പന്തിൽ നിന്ന് ഏഴു സിക്‌സും എട്ട് ഫോറുമടക്കം 105 റൺസെടുത്ത ബെത്തൽ അവസാന ഓവറിലാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ അവസാനത്തെ രണ്ട് ഓവറുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായപ്പോൾ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ പ്രത്യേകത. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സു‌ം എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 160-ൽ എത്തിയിരുന്നു.

തകർത്തടിച്ച ശിവം ദുബെയും മികച്ച സംഭാവന നൽകി. 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത ദുബെ നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു.ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ആദിൽ റഷീദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റൺസ് ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനലിനുള്ള ടിക്കറ്റ് കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!