തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ ചുമതലയേൽക്കും. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡല്‍ഹിയില്‍ വാർത്താ സമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്

.വാർത്താ സമ്മേളനത്തില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞ തിങ്കളാഴ്ച സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്നേക്കും. വി ഡി സതീശൻ ഇന്ന് വൈകുന്നേരത്തോടെ ഗവർണറെ കണ്ട് മന്ത്രി സഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.
മുഖ്യമന്ത്രി ആരെന്നകാര്യത്തില്‍ ഇന്നലെത്തന്നെ തീരുമാനമായിരുന്നു. ഇന്നുരാവിലെ കെ സി വേണുഗോപാലുമായി രാഹുല്‍ ഗാന്ധി ഒരുമണിക്കൂറാേളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം രാഹുല്‍ ഗാന്ധി ഫാേണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുവെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ രമേശ് ചെന്നിത്തല എതിർപ്പ് അറിയിച്ചതായാണ് സൂചന. അദ്ദേഹം നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാൻ സാധ്യതയില്ലന്നും വിവരം പുറത്തു വരുന്നുണ്ട്.
കേരളത്തില്‍ ചരിത്രം വിജയം നേടാൻ യുഡിഎഫിനെ സഹായിച്ചത് വിഡി സതീശനായിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ കെസി വേണുഗോപാലിനായിരുന്നു എങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഘടകകക്ഷികളുടെയും പിന്തുണ സതീശനായിരുന്നു.കെപിസിസിയുടെ മുൻ ഭാരവാഹികളും സതീശനെ പിന്തുണച്ചു.
102 സീറ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനാകാതെ വലയുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം

ഇത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി പദത്തിനായി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും വിട്ടുകൊടുക്കാതെ അവകാശവാദം ഉന്നയിച്ചതോടെ മത്സരം തെരുവിലേക്കെത്തി. മൂവരെയും പിന്തുണച്ച് ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു. ഒപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും ആത്മാഹുതിക്കുള്ള ശ്രമങ്ങളും നടന്നു.
ഒരുപേരില്‍ എത്താൻ കഴിയാതെ വന്നതോടെ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും എം.എല്‍.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ എംഎല്‍എമാരും കെസിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. തുടർന്ന് ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി. ലീഗ് വിഡി സതീശനുവേണ്ടി ശക്തമായ നിലപാടെടുത്തു എന്നാണ് റിപ്പോർട്ട്. അന്തിമതീരുമാനമെടുക്കാനായി നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു പാർട്ടി നേതൃത്വം തീരുമാനമെടുത്തത്.

