ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റൻസ് ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 25 പന്ത് ബാക്കി നിൽക്കവെയാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം രാജസ്ഥാൻ റോയൽസിന്റെ 14കാരൻ താരം വൈഭവ് സൂര്യവംശിയുടേതായിരുന്നു. 38 പന്തിൽ 101 റൺസുമായാണ് താരം മത്സരത്തിൽ ത്രസിപ്പിക്കുന്ന പ്രകടനം നടത്തിയത്. 11 സിക്സറും ഏഴ് ഫോറും അടക്കം 265.79 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
17-ാം പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 35-ാം പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കുന്നത്. അതും വ്യക്തിഗത സ്കോർ 94ൽ നിൽക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ റാഷിദ് ഖാനെ സിക്സർ പറത്തിക്കൊണ്ട് ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അർധ സെഞ്ചൂറിയനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി അധികം വൈകാതെ ഐ.പി.എൽ ചരിത്രത്തിലെ എന്നല്ല, ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡും താരം സ്വന്തമാക്കി.
ഒരു ഐ.പി.എൽ സെഞ്ച്വറി തന്റെ സ്വപ്‌നമായിരുന്നുവെന്നും പ്രകടനം നടത്തുകയെന്നതാണ് തന്റെ ജോലി എന്നതിനാൽ ആളുകൾ എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാറില്ലെന്നും വൈഭവ് പറഞ്ഞു. നാല് മാസമായി നടത്തുന്ന പരിശീലനത്തിൽ ഫലം കണ്ടുതുടങ്ങിയതിൽ സന്തോഷമെന്നും ബൗളറിൽ അല്ല മത്സര സാഹചര്യങ്ങളിലാണ് താൻ ഫോക്കസ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.

