നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോടതി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി പണം പിൻവലിക്കാൻ വേണ്ട സഹായം നൽകിയ രണ്ട് പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർ പിടിയിൽ. സംഭവത്തിൽ ചന്ദ്രേഷ് റാത്തോർ, താരിഖ് അൻവർ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ അനുമതിയില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും 30 ലക്ഷം രൂപയോളം പിൻവലിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബാങ്ക് ജീവനൽക്കാരായ രണ്ട് പേരെയും നോയിഡയിൽ നിന്നും പോലീസ് പിടികൂടിയത്.
2024 ആഗസ്റ്റിൽ പേടിഎം തന്നെ നൽകിയ പരാതിയെ തുടർന്നാണ് ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ചില ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, അന്വേഷണ ഏജൻസികൾ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം വിട്ടുനൽകിയെന്ന് പേടിഎം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളുടെ ഉടമകളുമായി ഒരു ഇടനിലക്കാരന്റെ സഹായത്തോടെയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മരവിപ്പിച്ച അക്കൗണ്ടുകളുടെ നിയന്ത്രണം നീക്കിക്കൊടുക്കാനും പണം പിൻവലിക്കാനുമായി ഈ അക്കൗണ്ട് ഉടമകൾ പ്രതികൾക്ക് പണം നൽകിയിരുന്നു. അറസ്റ്റിലായതിന് മുൻപും പ്രതികൾ വർഷങ്ങളായി സൈബർ കുറ്റവാളികളെ ഈ രീതിയിൽ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തട്ടിപ്പിൽ കൂടുതൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
