ഇടിമിന്നൽ, ഭൂമിയിലെ ഏറ്റവും ശക്തിയേറിയ പ്രകൃതി പ്രതിഭാസങ്ങളിലൊന്ന്. ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നൽ രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 2017 ഒക്ടോബറിലാണ് ഈ ‘മെഗാഫ്ളാഷ്’ എന്ന് വിശേഷിപ്പിക്കുന്ന ഇടിമിന്നലുണ്ടായത്.
കിഴക്കൻ ടെക്സസ് മുതൽ കാൻസസ് സിറ്റി വരെ 515 മൈൽ (828.8 കിമീ ) ദൂരം നീണ്ടുനിൽക്കുന്നതായിരുന്നു ഈ റെക്കോർഡ് ഇടിമിന്നൽ.

യുഎസിൽ ഒരു കാറിൽ ഈ ദൂരം സഞ്ചരിക്കാൻ 9 മണിക്കൂറും വിമാനത്തിൽ 90 മിനിറ്റും വേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. 2020 ൽ തെക്കൻ യുഎസിൽ വ്യാപിച്ച കൊടുങ്കാറ്റിനിടെ ഉണ്ടായ 477 മൈൽ ദൂരത്തിൽ വ്യാപിച്ച ഇടിമിന്നലിന്റെ റെക്കോർഡാണ് 2017 മിന്നലിന്റെ ദൈർഘ്യം അളക്കപ്പെട്ടത്തോടെ പിന്നിലായത്.
ഒരു ഇടിമിന്നലിന് അത് ഉത്ഭവിച്ച കൊടുങ്കാറ്റിൽ നിന്ന് എത്രയധികം ദൂരം സഞ്ചരിക്കാനാകുമെന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് വേൾഡ് മെറ്റിയോറോളജിക്കൽ ഓർഗനൈസേഷനിലെ (WMO) ഗവേഷകർ പറഞ്ഞു.
ഇടിമിന്നൽ വലിയൊരു അത്ഭുതവും അതേസമയം വർഷം തോറും ലോകമെമ്പാടും നിരവധിയാളുകളുടെ ജീവൻ അപഹരിക്കുന്ന വലിയൊരു അപകടവുമാണ്.
അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസംഭയുടെ “ഏർളി വാണിങ്ങ് ഫോർ ഓൾ” സംരംഭം മുൻഗണന നൽകുന്ന വിഷയങ്ങളിലൊന്നാണിത്. ഡബ്ല്യൂഎംഒ സെക്രട്ടറി ജനറൽ സെലിസ്റ്റ് സോളോ പറഞ്ഞു.
വൈദ്യുതീകരിക്കപ്പെടുന്ന മേഘങ്ങളുടെ അപകടം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തൽ. അവയ്ക്ക് ദീർഘദൂരം സഞ്ചരിക്കാനാവുമെന്നും വ്യോമയാന മേഖലയെ താറുമാറാക്കാനും കാട്ടുതീക്ക് കാരണമാകാനും സാധിക്കുന്ന മിന്നൽപിണരുകൾ സൃഷ്ടിക്കാനാകുമെന്നും അത് വ്യക്തമാക്കുന്നു. ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വർഷങ്ങളായി ഇടിമിന്നൽ നിരീക്ഷിച്ചിരുന്നത്. 2017 മുതൽ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളിലെ ലൈറ്റ്നിങ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഇപ്പോൾ മിന്നലിനെ ഭൂഖണ്ഡങ്ങളിലുടനീളം നിരീക്ഷിക്കാനാവും. ഈ സംവിധാനം ഉപയോഗപ്പെടുത്തി മിന്നലിന്റെ തുടർച്ചയായ അളവുകൾ പകർത്താൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ മിന്നലുകളെ കുറിച്ച് ആഴത്തിൽ പഠിക്കാനും വിലയിരുത്താനുമുള്ള കഴിവുകൾ ഇന്നേറെ മുന്നേറിയിട്ടുണ്ട്.
ഈ കണ്ടെത്തിയതിലും ശക്തമായ മിന്നലുകൾ ഇനിയുമുണ്ടാകാം. 60 മൈലിൽ കൂടുതലുള്ള മിന്നലുകളെയെല്ലാം മെഗാഫ്ളാഷ് എന്നാണ് വിളിക്കുന്നത്. വലിയ പ്രദേശത്ത് വ്യാപിക്കുകയും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ കൊടുങ്കാറ്റിന്റെ്റെ ഫലമായാണ് ഇവ രൂപപ്പെടാറ്. 2017ലെ മെഗാഫ്ളാഷിന് ശേഷം പിന്നീട് പലതവണ ഇത്തരം മെഗാഫ്ളാഷുകൾ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. വലിയ അപകടങ്ങൾക്കും ഇവ കാരണമാകാറുണ്ട്. 1994 ൽ ഈജിപ്തിലെ ഡ്രോങ്കയിലുണ്ടായ ഇടിമിന്നലിൽ എണ്ണ ടാങ്കുകൾ തകരുകയും നഗരത്തിൽ എണ്ണ പരന്നൊഴുകി തീപിടിച്ചുണ്ടായ അപകടത്തിൽ 469 പേർ മരിക്കുകയും ചെയ്തിരുന്നു..
