ന്യൂഡൽഹി: ഇന്ത്യയുടെ ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതും 1500 കിലോമീറ്റർ പ്രഹരശേഷിയുള്ളതുമാണ് ഹൈപ്പർ സോണിക് മിസൈൽ.
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പ്രോജക്ട് വിഷ്ണുവിന് കീഴിൽ വികസിപ്പിച്ച ‘എക്സ്റ്റെൻഡഡ് ട്രാജെക്ടറി ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി.-എൽഡിഎച്ച്സിഎം)’ ആണ് പരീക്ഷിച്ചത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകളേക്കാൾ ശേഷിയുള്ളതാണ് പുതിയ ക്രൂസ് മിസൈലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളൽ തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കവേയാണ് ഇന്ത്യൻ പ്രതിരോധ നിരയിലേക്ക് മറ്റൊരു അത്യാധുനിക ആയുധം കൂടി ചേർത്തിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ചാകും മിസൈലിൽ പ്രവർത്തിക്കുക.
കംപ്രസറിനു പകരമായി എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിച്ച് പ്രവർത്തിക്കുന്നതാണ് സ്ക്രാംജെറ്റ് എൻജിന്റെ രീതി എന്നാണ് വിവരം.
സ്ക്രാംജെറ്റ് എൻജിനിലൂടെ മണിക്കൂറിൽ 11,000 കിലോമീറ്റർ ദൂരം കീഴടക്കാൻ മിസൈലിന് കഴിയും. കൂടാതെ ബ്രഹ്മോസ് മിസൈലിന്റെ വേഗം മണിക്കൂറിൽ 3675 കിലോമീറ്ററാണ്.
റഡാറുകളുടെ കണ്ണിൽ പെടാതെ പറക്കാനുള്ള സ്റ്റെൽത്ത് ശേഷിയും ക്രൂസ് മിസൈലിന് അധികമാണ്. ആയിരം മുതൽ 2000 കിലോ വരെ ഭാരം വഹിക്കാനാകുന്ന മിസൈൽ പരമ്പരാഗത, ആണവ പോർമുനകൾ വഹിക്കാൻ പ്രാപ്തിയുള്ളതാണ് എന്നുമാണ് പ്രധാന സവിശേഷതകൾ.
