സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു, ചോദിച്ചപ്പോൾ ഛർദിലാണെന്ന് നുണ; 19കാരിയും സുഹൃത്തും പിടിയിൽ.

മുംബൈ: സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു. രണ്ടു പേർ പിടിയിൽ. ഋതിക ധീരെ, അൽത്താഫ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പത്രി-സേലു റോഡിലാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനയിലേയ്ക്ക് പോകുകയായിരുന്ന സന്ത് പ്രയാഗ് ബസിലാണ് ഇന്നലെ (ജൂലൈ 15) രാവിലെ 19 കാരിയായ ഋതിക പ്രസവിച്ചത്.

തുടർന്ന് ഒപ്പമുണ്ടായിരുന്ന അൽത്താഫിൻ്റെ സഹായത്തോടെ കുഞ്ഞിനെ ബസിൽ നിന്നും വലിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തുണിയിൽ പൊതിഞ്ഞ നിലയിൽ റോഡിലേയ്ക്ക് എന്തോ വലിച്ചെറിയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നിയതിനു പിന്നാലെ ഇരുവരോടും ഇതേ കുറിച്ച് ചോദിച്ചു. ബസ് യാത്രക്കിടെ ഛർദിച്ചെന്നും പുറത്തേക്കെറിഞ്ഞത് ഛർദിലാണെന്നുമാണ് അൽത്താഫ് പറഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു.

ബസിൽ നിന്നും പൊതി വലിച്ചെറിയുന്നത് കണ്ട സമീപവാസി പൊതി പരിശോധിയ്ക്കുകയും നവജാത ശിശു ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘം വിവരമറിഞ്ഞതിനെ തുടർന്ന് ബസ് തടഞ്ഞു. വാഹനം പരിശോധിച്ച ശേഷം ഋതികയേയും അൽത്താഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വളർത്താൻ സാധിക്കാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പറഞ്ഞതായി പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പ്രാഥമിക ചികിത്സയ്ക്കായി ഋതികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 94(3), (5) (ജനനം മറച്ചുവയ്ക്കൽ, മൃതദേഹം രഹസ്യമായി സംസ്കരിയ്ക്കൽ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!