ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും അമേരിക്കൻ-യൂറോപ്യൻ ആയുധങ്ങൾ വാങ്ങുന്നത് കുറയ്ക്കാനും വാഗ്ദാനങ്ങളുമായി റഷ്യ. അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57ഇ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്‌ത റഷ്യ പിന്നീട് അതിന്റെ മുഴുവൻ സോഴ്സ് കോഡും നൽകാമെന്ന് അറിയിച്ചു. മാത്രമല്ല ഇന്ത്യയിൽ നിർമിക്കാൻ സാങ്കേതികവിദ്യ കൈമാറ്റവും റഷ്യൻ വാഗ്ദാനത്തിലുണ്ട്.
ഇതിന് പിന്നാലെ ഇന്ത്യയുടെ വിവിധോദ്ദേശ യുദ്ധവിമാനങ്ങളുടെ നിരയിലേക്ക് എസ്.യു-35 യുദ്ധവിമാനവും ലഭ്യമാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പരമ്പരാഗതമായി ഇന്ത്യയുടെ പ്രതിരോധ മേഖല റഷ്യയെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയിലാണ്. ഏതാണ്ട് 60 ശതമാനം ആധുങ്ങളും റഷ്യൻ നിർമിതമാണ്. എസ്.യു 30 എംകെഐ, ടി-90 മെയിൻ ബാറ്റിൽ ടാങ്ക്, അന്തർവാഹിനികൾ, എയർ-ടു എയർ മിസൈലുകൾ അങ്ങനെ പലതിലും റഷ്യയുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്‌താനെ വിറപ്പിച്ച ബ്രഹ്മോസിലും റഷ്യയുടെ പങ്കാളിത്തമുണ്ട്.
എന്നാൽ ഒരേയിടത്തുനിന്ന് മാത്രം തന്ത്രപ്രധാനമായ ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. യു.എസ്, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ ഇറക്കുമതികളും വർധിച്ചു. ഇതിന് പുറമെ തദ്ദേശീയമായി ആയുധ വികസനവും വിദേശ ആശ്രിതത്വം കുറയ്ക്കാനായി ശക്തിപ്പെടുത്തി. ഇതൊക്കെ ആശങ്കയോടെയാണ് റഷ്യ വീക്ഷിക്കുന്നത്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളിലുമൊക്കെ റഷ്യൻ മേധാവിത്വമുണ്ടായിരുന്നു. അതും കുറഞ്ഞുവരികയാണ്. അടുത്തിടെ ജർമൻ കമ്പനിയായ തൈസൻക്രുപ്പ് മറൈൻ സിസ്റ്റവുമായി ചേർന്ന് ഇന്ത്യ ആറ് അന്തർവാഹിനികൾക്കുള്ള കരാർ ഒപ്പിട്ടിരുന്നു. ഇതോടെ റഷ്യ കൂടുതൽ ജാഗരൂകരായി.
ഇന്ത്യ തങ്ങളിൽ നിന്ന് കൂടുതൽ അകലാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതിനാലാകാം മുമ്പ് കൈമാറാൻ മടികാണിച്ചിരുന്ന പ്രതിരോധ സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് നൽകാൻ റഷ്യ തയ്യാറാകുന്നത്. വെറുതെ ഇന്ത്യയ്ക്ക് ആയുധം നൽകാനല്ല, പകരം ആഴത്തിലുള്ള സാങ്കേതിക വിദ്യാ സഹകരണമാണ് ഇപ്പോൾ റഷ്യയുടെ വാഗ്‌ദാനം. ഇന്ത്യയുടെ സൈന്യത്തെ ആധുനികത്കരിക്കുന്നതിനുള്ള പദ്ധതികൾക്കും, സ്വയം പര്യാപ്തരാകാനുള്ള പ്രവർത്തനങ്ങൾക്കും അനുഗുണമായ വാഗ്‌ദാനങ്ങളാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാൽ ഇതിനെല്ലാമുള്ള ഇന്ത്യയുടെ കടമ്പ യു.എസ് ഉപരോധമാണ്. ഇതിന് പുറമെ ഇവയൊക്കെ സമയത്തിന് നൽകാനുള്ള റഷ്യയുടെ ശേഷിയും സംശയത്തിലാണ്. യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് അവരുടെ വിതരണ ശൃഖലകളൊക്കെ പ്രതിസന്ധിയിലാണ്. പല കമ്പനികളും യുഎസ് ഉപരോധം നേരിടുന്നുമുണ്ട്. അതിനാൽ യു.എസിനെ പിണക്കാതെ തദ്ദേശീയമായ ആയുധവികസനത്തിന് കോട്ടം തട്ടാതെയുള്ള തന്ത്രപരമായ ഇടപെടലിനാകും ഇന്ത്യ ശ്രമിക്കുക.
