ബിരിയാണിച്ചെമ്പ് വാടകയ്ക്കെടുത്ത് വിറ്റയാളെ തിരിച്ചറിഞ്ഞു; റോഡിൽ നിർത്തിയിട്ട കാർ വിൽക്കാനും ശ്രമം.

താമരശ്ശേരി: പരപ്പൻപൊയിലിലെ വാടകസ്റ്റോറിൽ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തിരിച്ചറിഞ്ഞു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്‌ിൽ താമസിക്കുന്ന യുവാവാണ് പാത്രങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

എന്നാൽ, നഷ്ട്‌ടമായെന്ന് കരുതിയ സാധനങ്ങൾ തിരികെക്കിട്ടിയതോടെ വാടകസ്റ്റോർ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും പരാതിയുമായി മുന്നോട്ടു പോവുന്നില്ലെന്ന് നിലപാടെടുത്തതോടെ സംഭവം കേസാക്കാതെ തീർക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ഇടപെട്ട് പാത്രങ്ങൾ ചൊവ്വാഴ്ച തന്നെ വാടകസ്റ്റോർ ഉടമയ്ക്ക് തിരികെ ലഭ്യമാക്കിയിരുന്നു. ആക്രിക്കടയിൽ വിറ്റ രണ്ട് ബിരിയാണിച്ചെമ്പിനും രണ്ട് ഉരുളിക്കും പുറമെ, യുവാവ് വാടകയ്ക്കെടുത്തിരുന്ന ഓരോ ചട്ടുകവും കോരിയുംകൂടി ഉടമയ്ക്ക് തിരികെ കിട്ടി.

തട്ടിപ്പ് നടത്തിയ യുവാവ് മുൻപ് ഒരു പോക്സോ കേസിൽ കുറ്റാരോപിതനായിരുന്നു. വാടകപ്പാത്രങ്ങൾ മറിച്ചുവിൽക്കുന്ന തട്ടിപ്പിന് ഇയാൾ ദിവസങ്ങൾക്കുമുൻപ് തച്ചംപൊയിൽ ഭാഗത്തെ വാടകസ്റ്റോറിലും ശ്രമം നടത്തിയിരുന്നെങ്കിലും, സംശയം തോന്നിയ സ്റ്റോർ ഉടമ അന്ന് പാത്രങ്ങൾ നൽകിയിരുന്നില്ല. കൈതപ്പൊയിലിൽ ഒരുമാസം മുൻപ് അപകടത്തിൽപ്പെട്ട ബൈക്ക് രണ്ട് കൂട്ടുകാർക്കൊപ്പം ചേർന്ന് യന്ത്രഭാഗങ്ങൾ ഊരിയെടുത്ത് വിൽക്കാനും ദിവസങ്ങൾക്ക് മുൻപ് കാരാടിയിൽ അപകടത്തിൽപ്പെട്ട് നിർത്തിയിട്ടിരുന്ന കാർ സ്വന്തമാണെന്ന് അവകാശപ്പെട്ട് വർക്ക്ഷോപ്പുകാർക്ക് വിൽക്കാനും യുവാവ് ശ്രമം നടത്തിയതായാണ് വിവരം. അന്നെല്ലാം കൈയോടെ പിടികൂടപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോവാൻ ആരും മുതിരാതിരുന്നതാണ് ഇയാൾക്ക് രക്ഷയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!