തെരുവുനായ കടിച്ചു; പേവിഷബാധ; വാക്സീനെടുത്തിട്ടും ഏഴ് വയസുകാരി മരിച്ചു.

സംസ്ഥാനത്ത് വീണ്ടും പേവിഷ മരണം. തിരുവനന്തപുരം എസ്.എ.ടി ആശുപ്രതിയിൽ ചികിൽസയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ ആണ് മരിച്ചത്. ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ നാല് ദിവസം മുമ്പാണ് എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു കുട്ടി ജീവൻ നിലനിർത്തിയിരുന്നത്. ഏപ്രിൽ എട്ടിനാണ് താറാവിനെ ഓടിച്ചെത്തിയ തെരുവുനായ കുട്ടിയെ ആക്രമിച്ചത്. മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്‌ഥാനത്ത് മൂന്നു കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

അതിനിടെ പേവിഷ പ്രതിരോധ വാക്സീൻ ഫലപ്രദമല്ലെന്നുള്ള ആക്ഷേപങ്ങൾ തള്ളി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കൊല്ലത്ത് വാക്സീൻ എടുത്ത കുട്ടിക്ക് പേവിഷ ബാധയേറ്റത് കയ്യിലെ നാഡീ ഞരമ്പിൽ കടിയേറ്റത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. പ്രതിരോധ മരുന്ന് പ്രവർത്തിച്ചു തുടങ്ങും മുമ്പ് വൈറസ് തലച്ചോറിലെത്താൻ ഇത് കാരണമായി. മൂന്ന് ഡോസ് വാക്സീൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വാക്സീൻ ഉപയോഗിച്ച സമയം, രീതി തുടങ്ങിയവ പരിശോധിക്കാൻ വാക്സീൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!