വീരോഹിതം;  ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഇന്ത്യക്ക് മൂന്നാം കിരീടം

ദുബായ്: ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോൽക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു.

ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യൻഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടർച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശർമയ്ക്കും ഇത് സമ്മോഹനമായ മുഹൂർത്തം.

ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡിനെ ചെറിയ സ്കോറിൽ പിടിച്ചുകെട്ടാൻ ഇന്ത്യൻ സ്പിന്നർമാർക്ക് കഴിഞ്ഞു. സ്കോർ-ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. രോഹിത്താണ് മത്സരത്തിലെ താരം. നാലു ↑ മത്സരങ്ങളിൽ 65.75 ശരാശരിയിൽ 263 റൺസ് നേടി ടോപ് സ്കോററായ രചിൻ രവീന്ദ്രയാണ് ടൂർണമെന്റിലെ താരം.

തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റിൽനിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോൾ ക്രീസിൽ.മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്.

ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവിൽ അനാവശ്യമായി ക്രീസിൽനിന്ന് കയറിക്കളിക്കാൻ ശ്രമിച്ച് പുറത്തായി. രചിൻ രവീന്ദ്രയുടെ ഓവറിൽ ക്രീസിൽ നിന്ന് കയറിക്കളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പർ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഒരറ്റത്ത് രോഹിത് ശർമ തകർപ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്‌മാൻ ഗിൽ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്.  ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് തകർപ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗിൽ ഒരു സിക്സ്‌ സഹിതം 31 റൺസ് നേടി.

ഇന്ത്യയുടെ നാലാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. മുൻപ് രണ്ടുതവണ കിരീടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!