പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളത്തിനിടയിൽ ആനവിരണ്ട് മറ്റൊരു ആനയെ കുത്തി. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന മോഴയാനയാണ് വിരണ്ടത്. ഉണ്ണിക്കുട്ടൻ എന്ന ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ആനയായ ജയരാജനെ കുത്തുകയായിരുന്നു. ഇതോടെ അല്പം മുന്നോട്ട് കുതിച്ച ജയരാജൻ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ഇതിനിടെ ആനയുടെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാൽ അപകടം ഒഴിവായി. വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ ശാസ്താം നടയ്ക്ക് സമീപത്തേക്കും ഓടി. പിന്നീട് രണ്ട് ആനകളെയും തളച്ചു.
സംഭവത്തിൽ ക്ഷേത്രത്തിലെ കീഴ്ശാന്തിമാർക്കും ചിലഭക്തർക്കും നിസാര പരിക്കേറ്റു. വൈകീട്ടെ ശ്രീബലി എഴുന്നള്ളത്തിനിടയിലായിരുന്നു സംഭവം. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്ക്ക് സമീപം എത്തിയപ്പോഴാണ് ആനവിരണ്ടത്.
