തിരുവനന്തപുരം: വിതുരയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച് സമപ്രായക്കാർ. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വിദ്യാർഥിയെ മർദിച്ചത്. ഫെബ്രുവരി 16-നായിരുന്നു സംഭവം. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമിസംഘത്തിലൊരാൾ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ അക്രമിക്കപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ ചെയ്ത് കിട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ കണ്ട മാതാപിതാക്കൾ ആര്യനാട് പോലീസിൽ പരാതി നൽകി. പോലീസ് ചൈൽഡ് ലൈനിലേക്ക് പരാതി കൈമാറുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ മൂന്ന് കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മൂന്ന് പേരാണ് സംഭവത്തിൽ പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുപേരടങ്ങുന്ന സംഘമാണ് മർദനം നടത്തിയത്. ഇതിൽ മൂന്ന് പേരാണ് കുട്ടിയെ മർദിച്ചത്. വിദ്യാർഥിയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി സമീപത്തുള്ള വാഴത്തോട്ടത്തിലിട്ട് പൊതിരെ മർദിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരനേയും മർദിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇരുവരേയും സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയിരുന്നു.
ഫോണിൽ പകർത്തിയ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്‌ത് അക്രമികൾ വീരവാദം മുഴക്കിയിരുന്നു. ഇങ്ങനെ ഷെയർ ചെയ്യപ്പെട്ട വീഡിയോ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. വിദ്യാർഥിയെ മർദിച്ചവരെ കെയർ ഹോമിലേക്ക് മാറ്റും.
