കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വലിയ തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കി..സംഭവത്തിന് പിന്നാലെ പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.
പൊട്ടിത്തെറിയോടെയാണ് പുക ഉയർന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകൾ പേടിച്ച് ചിതറിയോടി. രോഗികൾക്ക് ശ്വാസതടസ്സം നേരിട്ടതായും റിപ്പോർട്ടുണ്ട്. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടർമാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്. അതേസമയം രോഗികളെ സമീപത്തെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയെന്ന് കൗൺസിലർ അറിയിച്ചിരുന്നു.
യുപിഎസിൽനിന്നാണ് പുക ഉയർന്നതെന്നും ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കൽ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിർദേശിച്ചത്. ഫയർഫോഴ്സും ഇലക്ട്രിക്കൽ വിഭാഗവും പോലീസും ഡോക്ടർമാരും ചേർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകൾ എത്തിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. അത്യാഹിത വിഭാഗം താൽക്കാലികമായി പോലീസ് സീൽ ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിർദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികൾക്ക് ബീച്ച് ഹോസ്പ്‌പിറ്റലിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.
എന്നാൽ വെൻ്റിലേറ്ററിൽ നിന്നും മാറ്റിയ മൂന്ന് രോഗികൾ മരണപ്പെട്ടതായി സംശയിക്കുന്നു എന്ന് ടി സിദ്ദിക്ക് എം എൽ എ മാധ്യമങ്ങളോട് പറഞ്ഞു.
