‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളുടെ വിജയം ആഘോഷിച്ച് മോഹൻലാലും ഇരുചിത്രങ്ങളുടേയും അണിയറ പ്രവർത്തകരും. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആഘോഷം. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഒരുക്കിയ കെയ്ക്ക് മോഹൻലാൽ മുറിക്കുന്നതിന്റേയും അണിയറപ്രവർത്തകർക്ക് പങ്കുവെക്കുന്നതിൻ്റേയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
എമ്പുരാന്റെ’ വിജയം ആഘോഷിക്കാൻ ഒരുക്കിയ കെയ്ക്ക് മുറിച്ച ശേഷം മോഹൻലാൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നൽകി. തുടർന്ന് ‘തുടരും’ സിനിമയുടെ വിജയത്തിനായി ഒരുക്കിയ കെയ്ക്ക് ചിത്രത്തിന്റെ നിർമാതാവായ എം. രഞ്ജിത്തിനും മോഹൻലാൽ പങ്കുവെച്ചു. സംവിധായകരായ സത്യൻ അന്തിക്കാട്, തരുൺമൂർത്തി, നടി ചിപ്പി രഞ്ജിത്ത്, തുടരും സിനിമയുടെ കഥയൊരുക്കിയ കെ.ആർ. സുനിൽ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
‘ചാക്കോ മാഷുടെ മോളല്ലേ’ എന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ചിപ്പിക്ക് കെയ്ക്ക് നൽകിയത്. ‘വരാൻ പോകുന്ന ഗംഭീരവിജയത്തിന്’ എന്ന മുഖവുരയോടെ സത്യൻ അന്തിക്കാടിനും മോഹൻലാൽ കെയ്ക്ക് പങ്കുവെച്ചു. പിന്നാലെ, തരുൺ മൂർത്തി ‘ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെ’ എന്ന് ചോദിക്കുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് മോഹൻലാൽ തരുണിനെ ചേർത്തുപിടിക്കുകയും ഇരുവരും പരസ്പരം സ്നേഹചുംബനം നൽകുകയും ചെയ്തു.
