ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു; ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തൃശൂർ: ഗുരുവായൂർ ചൊവ്വല്ലൂർപ്പടി കെബിഎം റോഡിൽ മരം വീണ് 19 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ലൈനുകൾക്ക് അടിയിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വല്ലൂർപ്പടി സെന്റ് ജോൺസ് സ്കൂളിനു മുന്നിൽ മനയിൽ കൃഷ്ണാനന്ദന്റെ വീട്ടുവളപ്പിലെ മാവിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്.

സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനാൽ സ്കൂൾ അധികൃതരും നാട്ടുകാരും വിവരമറിയിച്ചത് അനുസരിച്ച് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മരം മുറിച്ചുനീക്കാനുള്ള ശ്രമത്തിനിടെ പന്ത്രണ്ടരയോടെ മാവിന്റെ വലിയൊരു കൊമ്പു കൂടി ഒടിഞ്ഞുവീണു. ഈ സമയം ലൈൻമാൻ കലേഷ് മരത്തിന് താഴെ നിന്നിരുന്നു. ശബ്‌ദം കേട്ട് ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മരം വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് ഒരു കിലോമീറ്ററോളം ദൂരത്തിൽ 19 പോസ്റ്റുകൾ മുറിയുകയും കമ്പികൾ റോഡിൽ പൊട്ടി വീഴുകയും ചെയ്തു. ഈ സമയത്ത് റോഡരികിലെ പുല്ല് ചെത്തിവൃത്തിയാക്കിയിരുന്ന നഗരസഭാ ജീവനക്കാരും ഓടി മാറി. ചൊവ്വല്ലൂർ പടി സെന്ററിലേക്ക് പോയിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. സമീപവാസികൾ നിലവിളിച്ചതോടെ ഡ്രൈവർ ചൊവ്വല്ലൂർ സ്വദേശി രാമനത്ത് ഷാഹു ഓട്ടോറിക്ഷയിൽ നിന്ന് ചാടിയിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു.കൃഷ്ണാനന്ദിന്റെ ഓടിട്ട വീടിനും മതിലിനും ഭാഗികമായി കേടുപറ്റി. അപകട ഭീഷണി ഉയർത്തിയിരുന്ന മാവ് മുറിച്ചു നീക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനോട് ചേർന്ന് വീട്ടമ്പലവും നാഗ പ്രതിഷ്ഠയും ഉള്ളതിനാൽ തൊഴിലാളികൾ മരം മുറിക്കാൻ തയ്യാറായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഗുരുവായൂർ പൊലീസും ഫയർഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡിൽ നിന്ന് മരം മുറിച്ച് നീക്കംചെയ്തു. കഴുമപ്പാടം, തൈക്കാട് സൗത്ത് എന്നീ രണ്ട് ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഞായറാഴ്‌ച രാത്രി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന്  കെഎസ്ഇബി  ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!