ബെംഗളൂരു: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്.
സർക്കാർ ലാബിൽ സാമ്പിൾ - പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ചൈനയിൽ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങൾക്ക് കാരണമാകും’ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) ഡോക്ടർ അതുൽ ഗോയൽ പറഞ്ഞു.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകർച്ചവ്യാധികളുടെ ഡാറ്റ തങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല, തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്ന് വലിയ അളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
