ഭുവനേശ്വർ: ഒഡിഷയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി 16 മാസം പ്രായമുള്ള ജന്മേഷ് ലെങ്ക. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് അവയവദാനത്തിലൂടെ രണ്ടുപേർക്ക് ജീവൻ നൽകിയാണ് മടങ്ങിയത്. ഭുവനേശ്വർ എയിംസാണ് അവയവം മാറ്റിവെക്കലിന് നേതൃത്വം നൽകിയത്.

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ഫെബ്രുവരി 12-നാണ് ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ സി.പി.ആർ. നൽകുകയും തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയിലൂടെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ശ്രമിക്കുകയും ചെയ്തു. എന്നാൽ, രണ്ടാഴ്‌ത്തെ ശ്രമങ്ങൾ വിഫലമാക്കി ജന്മേഷ് കഴിഞ്ഞ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
അവയവദാനത്തിന്റെ സാധ്യത മനസിലാക്കി ആശുപത്രി അധികൃതർ കുടുംബത്തെ സമീപിക്കുകയായിരുന്നു.
കുഞ്ഞ് നഷ്‌ടപ്പെട്ടതിന്റെ അതീവദുഃഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സമ്മതമറിയിച്ചു. തുടർന്ന് അവയവങ്ങൾ മാറ്റിവെക്കാനുള്ള നടപടി ആശുപത്രി അധികൃതർ വേഗത്തിലാക്കി.
ഗ്യാസ്ട്രോ- സർജറി സംഘം കരൾ ന്യൂഡൽഹിയിലെ ഐ.എൽ.ബി.എസിലേക്ക് അയച്ചു. ഇവിടെ ചികിത്സയിലായിരുന്നു കുട്ടിക്ക് കരൾ ദാനംചെയ്തു. വൃക്കകൾ ഭുവനേശ്വർ എയിംസിൽ തന്നെ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്കും ദാനം ചെയ്തു.
