ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ന്യൂസീലൻഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്.
ചേസ് മാസ്റ്റർ വിരാട് കോലി ഒരിക്കൽ കൂടി മത്സരങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
98 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 84 റൺസെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോറർ.
265 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽ തന്നെ ശുഭ്‌മാൻ ഗില്ലിനെ (8) നഷ്ടമായിരുന്നു. താരത്തെ ബെൻ ഡ്വാർഫ്യൂസ് ബൗൾഡാക്കുകയായിരുന്നു. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേർന്നെടുത്ത 91 റൺസ് വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ കൂപ്പർ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകാറുള്ള ട്രാവിസ് ഹെഡിനെ വരുൺ ചക്രവർത്തി ശുഭ്‌മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റൺസെടുത്താണ് ഹെഡ് പുറത്തായത്. 12 പന്തിൽ നിന്ന് 11 റൺസെടുത്ത ഇംഗ്ലിസിനെയും ജഡേജ മടക്കി.
എന്നാൽ അഞ്ചാം വിക്കറ്റിൽ അലക്സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് 54 റൺസ് ചേർത്തു. കാരിയാകട്ടെ സ്കോറിങ് റേറ്റ് താഴാതെ ബാറ്റുവീശി. ഇതിനിടെ 37-ാം ഓവറിൽ സ്‌മിത്തിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്നെത്തിയ വമ്പനടിക്കാരൻ ഗ്ലെൻ മാക്സ്വെല്ലിനെ (7) നിലയുറപ്പിക്കും മുമ്പേ അക്ഷർ പട്ടേൽ മടക്കി. പിന്നീട് ക്രീസിലെത്തിയ ബെൻ ഡ്വാർഫ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 46-ാം ഓവറിൽ ഡ്വാർഫ്യൂസിനെ (29 പന്തിൽ 19) വരുൺ ചക്രവർത്തി പുറത്താക്കി. പിന്നാലെ 48-ാം ഓവറിൽ കാരി റണ്ണൗട്ടായി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
