രക്തദാനവും അവയവദാനവും ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ്. രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും മന്ത്രി ആവിശ്യപെട്ടു.

രക്തം നൽകിയാൽ ശരീരം ക്ഷീണിക്കുമെന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതും അടിസ്ഥാനരഹിതമായ ധാരണകളാണ്. രക്തദാനം ആരോഗ്യത്തിന് ഗുണകരമാണെന്നും ശരീരത്തിൽ രക്തം വീണ്ടും ഉൽപാദിപ്പിക്കപ്പെടുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. റോഡ് അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനത്ത് അടിയന്തര ഘട്ടങ്ങളിൽ രക്തലഭ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രസവസമയത്തും ശസ്ത്രക്രിയകൾക്കിടയിലും രക്തത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ആവശ്യമായ രക്തശേഖരം നിലനിർത്താൻ കൂടുതൽ പേർ സന്നദ്ധരാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.

അവയവദാനത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സമൂഹത്തിൽ നിന്ന് മാറേണ്ടതുണ്ട്. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നവരുടെ കുടുംബങ്ങൾ അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുന്നത് പ്രത്യാശ നൽകുന്ന കാര്യമാണ്. ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി സർക്കാർ പ്രത്യേക ഹെലികോപ്റ്റർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രോഗം വന്നശേഷമുള്ള ചികിത്സയേക്കാൾ രോഗപ്രതിരോധത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ശുചിത്വക്കുറവും അശുദ്ധജലത്തിന്റെ ഉപയോഗവും മൂലമാണ് പല പകർച്ചവ്യാധികളും വ്യാപിക്കുന്നത്. വിദ്യാലയങ്ങളിലെയും പൊതുസ്ഥാപനങ്ങളിലെയും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടത്തുകയും വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!