ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്ര സർക്കാർ അറിയിച്ചു.

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്ര സർക്കാർ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കാണാതായ ഇന്ത്യൻ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട രാജ്യങ്ങളുമായും വിവിധ ഏജൻസികളുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗനിർദ്ദേശം

കഴിഞ്ഞ ദിവസം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർഗനിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!