സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ നിരക്ക്  ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്.
തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാല്‍ ഉത്പന്നങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.

പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നത്. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ മൊത്തം വർധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് വർധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്.

500 മില്ലിയുടെ ഡബിള്‍ ടോണ്‍ഡ് മില്‍ക് (മഞ്ഞ കവർ) 27 രൂപയാണ് പുതുക്കിയ വില. 525 മില്ലി ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (നീല കവർ) 30 രൂപയും 500 മില്ലി ഹോമോജനൈസ്ഡ് മില്‍മ പ്രൈഡ് (ഓറഞ്ച് കവർ) പാലിന് 30 രൂപയും 500 മില്ലി മില്‍മ റിച്ച്‌ സ്റ്റാൻഡേഡൈസ്ഡ് മില്‍ക് (പച്ച കവർ) 32 രൂപയും ഒരു ലിറ്റർ ബോട്ടില്‍ കൗ മില്‍ക് 75 രൂപയായുമാണ് വർധിപ്പിച്ചത്. 525 ഗ്രാം ക്ലാസിക് തൈരിന് 40 രൂപയും 500 ഗ്രാം എലൈറ്റ് തൈരിന് 45 രൂപയുമായാണ് വർധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!