അതി ഗുരുതരമായ പട്ടിണി,ഗാസയിൽ ഏറ്റവും മോശമായ സാഹചര്യമെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്.

ജനീവ: ഗാസയിൽ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎൻ ഏജൻസിയുടെ മുന്നറിയിപ്പ്. ‘ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യം’ ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി.

പട്ടിണി വ്യാപിക്കുകയും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേൽ തടയുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎൻ ഏജൻസിയുടെ ശക്തമായ മുന്നറിയിപ്പ്. സംഘർഷവും പലായനവും രൂക്ഷമായിരിക്കുന്നു, ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമുള്ള ലഭ്യത അത്ഭുതപൂർവമായ തലത്തിലേക്ക് താഴ്ന്നിരിക്കുന്നു’ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) മുന്നറിയിപ്പിൽ പറഞ്ഞു.

വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങൾ എന്നിവ പട്ടിണി മരണങ്ങളുടെ വർധനവിന് കാരണമാകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിലേക്ക് അടിയന്തര ശ്രദ്ധ ക്ഷണിക്കാനാണ് ഈ മുന്നറിയിപ്പ് ലക്ഷ്യമിടുന്നത്. ഏപ്രിലിനും ജൂലായ് പകുതിക്കും ഇടയിൽ, രൂക്ഷമായ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 20,000-ത്തിലധികം കുട്ടികളെ പ്രവേശിപ്പിച്ചു. അവരിൽ 3,000- ത്തിലധികം പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്നും ഐപിസി പറഞ്ഞു.

സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും തടസ്സങ്ങളില്ലാത്ത, വലിയ തോതിലുള്ള, ജീവൻരക്ഷാ മാനുഷിക ഇടപെടലുകൾ അനുവദിക്കണമെന്നും മുന്നറിയിപ്പിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ ‘വംശഹത്യ’യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എൻജിഒ) ബെത്സലെമും ഫിസിഷൻസ് ഫോർ ഹ്യൂമൻ റൈറ്റ്സും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യമായാണ് ഏതെങ്കിലും ഇസ്രയേലി എൻജിഒ ഇങ്ങനെ പറയുന്നത്.

ഇസ്രയേൽ സർക്കാരിന്റെ നയങ്ങളെ പതിവായി വിമർശിക്കുന്ന സംഘടനകളാണ് രണ്ടും. എന്നാൽ, തിങ്കളാഴ്ച ഇവരിറക്കിയ പ്രസ്താവന പതിവിലും രൂക്ഷമാണ്. വംശഹത്യനടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനായി ആരും നിങ്ങളെ ഒരുക്കേണ്ടകാര്യമില്ല. ഇത് നമുക്ക് വളരെ വേദനാജനകമായ നിമിഷമാണ് എന്ന് ബെത്സലേം എക്സിക്യുട്ടീവ് ഡയറക്‌ടർ യൂലി നൊവാക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ ജീവിക്കുകയും അനുദിന യാഥാർഥ്യങ്ങൾക്ക് സാക്ഷികളാവുകയും ചെയ്യുന്ന നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ട്. ഇസ്രയേൽ പലസ്തീൻകാരെ വംശഹത്യചെയ്യുകയാണ് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!