കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച മതിൽചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചിലാണ് നടത്തിയത്. തളാപ്പ് പരിസരത്ത് വച്ച് കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാൾ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കിണറ്റിലൊളിച്ച ഗോവിന്ദച്ചാമിയെ അതിസാഹസികമായി പുറത്തെടുത്തത്. . നാട്ടുകാരും പൊലീസും ചേർന്ന് ഗോവിന്ദച്ചാമിയുടെ ഒറ്റകൈയിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്. മുകളിൽ എത്താറായപ്പോൾ കിണറ്റിൻ കരയിൽ കൂടിനിന്നവർ മുഖത്തടിക്കുകയും തലമുടിയും കാൽപാദവും പിടിച്ചുവലിക്കുകയും ചെയ്തു.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസും നാട്ടുകാരും ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തി യത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിൻ്റെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

