നിയമസഭാ തിരഞ്ഞെടുപ്പിലെ കാലുവാരൽ ആരോപണം, സ്വന്തം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ രാജിസമർപ്പിക്കൽ. ദേശീയഗാനം ആലപിക്കവേ വരുത്തിയ പിഴവ്. ഒടുവിലിതാ എൽഡിഎഫ് മൂന്നാംവട്ടവും അധികാരത്തിലെത്തുമെന്ന ഫോൺ സംഭാഷണത്തോടെ സ്ഥാന നഷ്ടം. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരിക്കെ പാലോട് രവി ചെന്നുചാടിയ വിവാദങ്ങൾ പലതുണ്ട്. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതോടെ രവി രാജിക്കത്ത് നൽകിയെങ്കിലും അന്ന് അത് കെപിസിസി നേതൃത്വം സ്വീകരിച്ചിരുന്നില്ല. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന ഫോൺ സംഭാഷണത്തിൽ പാലോട് രവിക്ക് വലിയ വിലകൊടുക്കേണ്ടി വന്നു, രാജിവെക്കേണ്ടിവന്നു.
യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷ പ്രതിപക്ഷ നേതാവും യുഡിഎഫും ഒന്നടങ്കം പങ്കുവെക്കുന്ന വേളയിലാണ് അതിനെതിരായി സ്വന്തം പാളയത്തിൽ നിന്ന് തന്നെ അപശബ്ദം ഉയരുന്നത്. വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് എടുക്കാ ചരക്കായിമാറുമെന്നുമുള്ള പാലോട് രവിയുടെ ഓഡിയോ സംഭാഷണം തെല്ലൊന്നുമല്ല യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുന്നത്. രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്നായിരുന്നു. ഓഡിയോ സന്ദേശം പുറത്തുവിട്ട് ബ്ലോക്ക് സെക്രട്ടറിയേയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
