ജമ്മു: അമർനാഥ് തീർഥാടനം അടുത്തയാഴ്ച തുടങ്ങാനിരിക്കേ, ഈ മേഖലയിൽ സുരക്ഷാസംവിധാനം ശക്തമാക്കി. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീർ പോലീസിനുപുറമേ, അർധസൈനികവിഭാഗത്തിന്റെ 180 കമ്പനികളെയും സുരക്ഷയ്ക്കായി നിയോഗിച്ചതായി ജമ്മു-കശ്മീർ പോലീസ് അറിയിച്ചു.
ആദ്യസംഘം ജൂലായ് മൂന്നിന് യാത്രതുടങ്ങും. തീർഥാടകർക്ക് അമർനാഥിലേക്കു പോകാൻ രണ്ടുവഴികളുണ്ട്. അനന്തനാഗ് ജില്ലയിലെ പഹൽഗാം വഴി 48 കിലോമീറ്റർ ദൂരമുണ്ട്.
ഗന്ധർബാൾ ജില്ലയിലെ ബാൽതൾ വഴിയുള്ള യാത്രയിൽ 14 കിലോമീറ്റർ കുറവാണെങ്കിലും ഇത് കഠിനമായ പാതയാണ്. ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
