കാവാലം: കുട്ടനാട്ടിൽ ആറ്റിൽ വീണ സ്വർണ്ണകൊലുസ് കണ്ടെത്തി നൽകി ഫയർഫോഴ്സിന്റെ സ്കൂബാ ടീം. പാലക്കാട് സ്വദേശിനി ജെംഷിയുടെ ഒന്നരപ്പവന്റെ കൊലുസാണ് അട്ടി ജെട്ടിക്കു സമീപമുള്ള കടവിൽ നഷ്‌ടപ്പെട്ടത്.
കുടുംബസുഹൃത്ത് പുളിങ്കുന്ന് പഞ്ചായത്ത് ചതുർഥ്യാകരി കൊടിയന്ത്ര വീട്ടിൽ ലിജുവിൻറെ വീട്ടിലെത്തിയതായിരുന്നു ജെംഷിയും കുടുംബവും. ശനിയാഴ്ച വൈകിട്ട് ആറരയോടെ അട്ടി ജെട്ടിക്കു സമീപമുള്ള കടവിൽ കളിക്കുന്നതിനിടെ ↑ കൊലുസ് നഷ്ടടപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ലിജു ആലപ്പുഴ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. 7.30 -ഓടെ ഫയർഫോഴ്സിന്റെ സ്കൂബാ ടീം എത്തി തിരച്ചിൽ ആരംഭിക്കുകയും 7.50-ഓടെ സംഘത്തിലെ മുങ്ങൽ വിദഗ്ദ്ധൻ പി.എഫ് ലോറൻസ് പാദസ്വരം കണ്ടെടുക്കുകയും ചെയ്തു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ.ആർ അനീഷ്, പി രതീഷ്, കെ.പി പുഷ്പരാജ് എന്നിവരും ഉണ്ടായിരുന്നു.
