കോഴിക്കോട്ടുനിന്ന് സ്വർണവുമായി കടന്നത് മംഗളൂരു വിമാനത്താവളത്തിലേക്ക്, യാത്രയ്ക്കിടെ പിടികൂടി പോലീസ്.

കാഞ്ഞങ്ങാട്/രാമനാട്ടുകര: കോഴിക്കോട് നല്ലളത്തുനിന്ന് 200 ഗ്രാം സ്വർണം കൈക്കലാക്കി കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ ഹൊസ്‌ദുർഗ് പോലീസ് പിടിച്ചു. മുംബൈ വാദ്ര രജുഗന്ധ് നഗറിലെ സൽമാ ഖാദർഖാൻ (25), ആന്ധ്രാപ്രദേശ് സ്വദേശിനിയും മുംബൈ ജോഗേഷ് വാരി സമർഥ് നഗറിൽ താമസക്കാരിയുമായ ശ്രദ്ധാ രമേഷ് എന്ന ഫിർദ (37) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പ‌ി ബാബു പെരിങ്ങേത്തും ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാറും ചേർന്ന് പിടിച്ചത്.

ടാക്സിയിൽ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇവരെ കാഞ്ഞങ്ങാട് പുതിയകോട്ടയിൽനിന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് പോലീസ് പിടിച്ചത്. കോഴിക്കോട്ടുനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനപരിശോധന നടത്തിയിരുന്നു. കോഴിക്കോട്ടെ സ്വർണ ബിസിനസുകാരൻ വടകര സ്വദേശി സുരേഷ്കുമാറിന്റെ പരാതിയിലാണ് നല്ലളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പോലീസ് പറയുന്നതിങ്ങനെ: സുരേഷ്കുമാറും സഹായി വടകര സ്വദേശി ഹനീഫയും നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ സ്വർണക്കഷണം ഉരുക്കി ആഭരണങ്ങളാക്കി വില്പന നടത്തുന്നവരാണ്. ഹനീഫയ്ക്ക് സൽമയെ ഗൾഫിൽവെച്ചുള്ള പരിചയമുണ്ട്. പുതിയ ജൂവലറി തുടങ്ങുന്നുവെന്നും കുറച്ച് സ്വർണം വാങ്ങണമെന്നും പറഞ്ഞ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് എത്തിയ സൽമയെയും ഫിർദയെയും ഹനീഫ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കവറുകളിലായി സൂക്ഷിച്ച സ്വർണാഭരണങ്ങളുടെ കഷണങ്ങൾ കാണിച്ചുകൊടുത്ത് വില ഉറപ്പിച്ചു. ഹനീഫ ശൗചാലയത്തിൽ പോയ സമയത്ത് മുഴുവൻ സ്വർണവും ഹനീഫയുടെ മൊബൈൽഫോണും കൈക്കലാക്കി ഇരുവരും സ്ഥലംവിട്ടു.

അതേസമയം, സ്വർണ ഇടപാട് നടത്തുകയും പണം കൈമാറുകയും ചെയ്‌തുവെന്നും എന്നാൽ ഹനീഫ മറ്റാരാടോ ഫോണിൽ സംസാരിക്കുന്നത് കേട്ട് സ്ഥലത്ത് നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതിനാൽ സ്ഥലം വിടുകയായിരുന്നുവെന്നാണ് പ്രതികൾ ഹൊസ്‌ദുർഗ്‌ പോലീസിന് നൽകിയ മൊഴി. ആറു പൊതികളിലായി സൂക്ഷിച്ച സ്വർണം ബാഗിൽനിന്ന് പോലീസ് കണ്ടെടുത്തു.

നല്ലളം ഇൻസ്പെക്ടർ കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം എസ്ഐ കെ.പി.വി.രമേശൻ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (അഞ്ച്) കോടതിയിൽ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!