തിരുവനന്തപുരം: സ്വയംസമർപ്പണത്തിന്റെ പുണ്യംനുകർന്ന്, പൊങ്കാല നിവേദിച്ച് ഭക്തലക്ഷങ്ങൾ. ഉച്ചയ്ക്ക് 1.15-ഓടെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലനിവേദിച്ചു. തുടർന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ഇനി ആത്മസമർപ്പണത്തിന്റെ നിർവൃതിയിൽ ഭക്തരുടെ മടക്കം.
രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്നത്. തുടർന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകർന്നു.
വൈകീട്ട് 7.45-ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
