ഡൽഹി : തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തിരക്ക് പിടിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രംഗത്തെത്തി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സമീപനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉണ്ട്. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതുകൊണ്ട് സ്ഥാനാർത്ഥികള്‍ക്ക് പ്രചരണം നടത്താൻ വേണ്ടത്ര സമയം ലഭിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തീയതിയാണ്. കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണ്. അതുപോലെ കോണ്‍ഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മുൻപും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തീയതികളുടെ കാര്യത്തില്‍ ഇത്തരം സമീപനങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. ഇത് കൊണ്ട് കോണ്‍ഗ്രസിന് ഭയം ഒന്നുമില്ല. കോണ്‍ഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അതിനാല്‍ അവരുടെ സ്ഥാനാർത്ഥി പട്ടികയില്‍ അത്ഭുതമോ പുതുമയോയില്ല. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഭാഗമായവരാണ് അവരെല്ലാം. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന സർക്കാരാണ് കേരളത്തിലെ ഇടതുമുന്നണിയുടേതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

