500 കോടിയുടെ കരാറിന് ടിം കുക്കിനെ ഭീഷണിപ്പെടുത്തി ഇലോൺ മസ്ക്, വഴങ്ങാതെ ആപ്പിൾ.

വാഷിങ്ങ്ടൺ: 2022 ൽ ഐഫോണുകളിലെ എക്സ്ക്ലൂസീവ് ഉപഗ്രഹ ഇന്റർനെറ്റ് സേവനദാവായി സ്പേസ് എക്സിനെ സ്വീകരിക്കാൻ ഇലോൺ മസ്ക‌് ടിം കുക്കിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. 500 കോടി ഡോളറിന്റെ കരാറിന് സമ്മതിക്കാൻ ആപ്പിൾ മേധാവി ടിം കുക്കിന് 72 മണിക്കൂർ സമയം നൽകിയാണ് മസ്ക് അന്ത്യശാസനം മുഴക്കിയത്. കരാർ ഏറ്റെടുത്തില്ലെങ്കിൽ താൻ തുടങ്ങുന്ന മറ്റൊരു സേവനവുമായി ഏറ്റുമുട്ടാൻ തയ്യാറായിക്കോളൂ എന്ന് മസ്ക് ഭീഷണിമുഴക്കി. എന്തായാലും മസ്കിന്റെ ഭീഷണിക്ക് ടിം കുക്ക് വഴങ്ങിയില്ല. ആ ഓഫർ നിരസിച്ചു. എന്തായാലും ഈ ടിം കുക്കിന്റെ തീരുമാനം ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഗുണം ചെയ്തത്.

ഐഫോൺ 14 സീരീസിൽ ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് ഗ്ലോബൽ സ്റ്റാർ എന്ന കമ്പനിയെയാണ് ആപ്പിൾ തിരഞ്ഞെടുത്തത്. ഈ വിവരം നേരത്തെ അറിഞ്ഞപ്പോഴാണ് മസ്ക് അന്ത്യശാസനം മുഴക്കിയത്. കരാറിന്റെ ഭാഗമായി, ഐഫോണിലെ സ്റ്റാർലിങ്ക് സേവനത്തിന് 18 മാസത്തേക്ക് 500 കോടി ഡോളറും പിന്നീട് പ്രതിവർഷം 100 കോടി ഡോളറുമാണ് സ്പേസ് എക‌് ആപ്പിളിനോട് ആവശ്യപ്പെട്ടതെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഓഫർ ആപ്പിൾ നിരസിച്ചതോടെ ഐഫോൺ 14 പ്രഖ്യാപിക്കുന്നതിന് മുമ്പ് ടി മൊബൈലുമായുള്ള സഹകരണം പ്രഖ്യാപിച്ച് മസ്ക‌് മറുപടി നൽകി. തുടക്കത്തിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് വേണ്ടി മാത്രമാണ് ഈ സേവനം ലഭ്യമാക്കിയത്.

പ്രൊജക്ട് ഈഗിൾ എന്ന പേരിൽ ഒരു ദശാബ്ദം മുമ്പ് തന്നെ സ്റ്റാർലിങ്കിന് സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ ആരംഭിച്ചിരുന്നു. ബോയിങുമായി സഹകരിച്ച് ആരംഭിച്ച 3.6 കോടി ഡോളറിന്റെ ആ സംരംഭം പിന്നീട് ഉപേക്ഷിച്ചു. ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് 2019 ൽ ഐഫോണുകളിലും വീടുകളിലും ഇന്റർനെറ്റ് സേവനം എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ വെരിസോൺ എടി ആന്റ് ടി എന്നീ വ്യവസായ പങ്കാളികളുമായി തെറ്റുന്നതിന് ഇടയാക്കുമെന്ന് ഭയന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പുതിയ സേവനം ആരംഭിച്ചിട്ടും മസ്കിന്റെ പക തീർന്നില്ല. ആപ്പിളിനെ ശല്യപ്പെടുത്താനായി ഗ്ലോബൽ സ്റ്റാർ സേവനത്തിനെതിരെ വിവിധ ആരോപണങ്ങൾ ഉയർത്തി കേസ് ഫയൽ ചെയ്തത്‌ മസ്‌കും കൂട്ടരും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ട്രംപുമായുള്ള മസ്‌കിൻ്റെ ബന്ധം ഈ നീക്കങ്ങളിൽ നിയമ നടപടികൾ മസ്കിന് അനുകൂലമാകുമെന്ന ആശങ്ക ആപ്പിളിനുണ്ടാക്കിയെന്ന് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റാർലിങ്കിനെ ഉപേക്ഷിച്ച് ഗ്ലോബൽസ്റ്റാറിനെ തിരഞെടുത്തതിൽ ആപ്പിളിനകത്ത് തന്നെ എതിർപ്പുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ വെല്ലുവിളികൾക്കൊന്നും വഴങ്ങാതെ പുതിയ ഉപഗ്രഹങ്ങൾക്കായി 170 കോടി ഡോളർ ഗ്ലോബൽ സ്റ്റാറിൽ നിക്ഷേപിക്കുകയാണ് ആപ്പിൾ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!