കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടർന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു.
കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി രാജൻ എന്നിവരാണ് തിരക്കിൽപെട്ട് മരിച്ചത്. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.പിന്നീട് ആനകളെ തളച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ 7 പേരുടെ നില ഗുരുതരമാണ്. മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ശീവേലി തൊഴാൻ നിന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉത്സവത്തിന്റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇവിടെയെത്തിയിരുന്നത്. ആനയിടഞ്ഞതോടെ ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അതിനിടയിൽപെട്ടാണ് ആളുകൾക്ക് പരിക്കേറ്റിരിക്കുന്നത്. രണ്ടാനകളും വിരണ്ട് മുന്നോട്ട് ഓടിയതോടെ ആളുകൾ ചിതറിയോടി. ഗുരുതരമായി പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
