ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള ശശി തരൂരിൻ്റെ പ്രതികരണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഇത്തരം നിരുത്തരവാദമായ പ്രസ്താവനകൾ നടത്തുന്ന ശശി തരൂരിന് പാർട്ടിയോട് എത്രത്തോളം ആത്മാർഥതയുണ്ട് എന്നാണ് ഉദിത് ചോദ്യം ചെയ്യുന്നത്.
ബി.ജെ.പിയെ ന്യായീകരിച്ച് തരൂർ സംസാരിക്കുന്നത് കേട്ടപ്പോൾ ഞെട്ടി പ്പോയെന്നും ഉദിത് രാജ് പറഞ്ഞു. “താങ്കൾ ഇപ്പോൾ ബി.ജെ.പിയിലാണോ അതോ കോൺഗ്രസിലോ? താങ്കൾ സൂപ്പർ ബി.ജെ.പി പ്രവർത്തകനാകാൻ ശ്രമിക്കുന്നത് എന്തിനാണ് “-എന്നാണ് എനിക്ക് തരൂരിനോട് ചോദിക്കാനുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്തെ ഇന്റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റിയെന്നും എന്നാൽ അതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നുമായിരുന്നു തരൂരിന്റെ പരാമർശം. ഗുരുതര ഇന്റലിജൻസ്, സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനമുയർത്തുമ്പോൾ ആണ് ശശി തരൂർ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തീർച്ചയായും കുറ്റമറ്റതായ ഇൻ്റലിജൻസ് സംവിധാനം എന്ന ഒന്നില്ല. ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്രായേലിന്റെ ഉദാഹരണം നമുക്കുണ്ട്-ഒക്ടോബർ ഏഴിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്രായേൽ കാത്തിരിക്കുന്നതുപോലെ, ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മൾ കാണണം. എന്നിട്ടാണ് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടത് -തരൂർ പറഞ്ഞു.
പരാജയപ്പെടുത്തിയ ഭീകരാക്രമണ ഭീഷണികളെക്കുറിച്ച് നമ്മൾ ഒരിക്കലും അറിയില്ലെന്നും പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമ്മൾ കേൾക്കൂവെന്നും അദ്ദേഹം പറഞ്ഞു. പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ അതല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രസ്താവനകളിലൂടെ തന്റെ സഹപ്രവർത്തകൻ ബി.ജെ.പിയുടെ അഭിഭാഷകനായി മാറിയെന്നും രാജ് വിമർശിച്ചു. നൂറുശതമാനം കുറ്റമറ്റ ഇന്റലിജൻസ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാകില്ലെന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്.
