പൊതുപരിപാടിക്കിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് (എ.എസ്.പി) നാരായൺ ഭാരമാണിയെ അടിക്കാൻ ശ്രമിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിപാടിക്കിടയിൽ പ്രസംഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിലുണ്ടായ തടസ്സമാണ് സിദ്ധരാമയ്യയെ കോപിതനാക്കിയത്. നാരായൺ ഭാരമാണിയെയാണ് സുരക്ഷയുടെ കാര്യങ്ങൾക്ക് നിയോഗിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ എ.എസ്.പി ഭാരമാണിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കൈ ഉയർത്തി ശാസിക്കുകയായിരുന്നു. വേദിക്ക് സമീപം ബി.ജെ.പി വനിത പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് പരിപാടിയിൽ തടസ്സം സൃഷ്ട്‌ടിച്ചത്.
സംഭവത്തിൽ ജനതാദൾ (സെക്കുലർ) മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഈ പ്രവൃത്തി തികച്ചും മോശവും പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്നും എക്സിലെ പോസ്റ്റിൽ ജെ.ഡി.എസ് പറഞ്ഞു.
നിങ്ങളുടെ അധികാര കാലാവധി അഞ്ച് വർഷം മാത്രമാണ്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥൻ 60 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നുണ്ട്. അധികാരം ആർക്കും ശാശ്വതമല്ല. നിങ്ങളുടെ ധിക്കാരം തിരുത്തൂ’ എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം.
