പാലക്കാട് ഗ്രീൻഫീൽഡ് വിമാനത്താവളം: അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് കേന്ദ്രം.

ന്യൂഡൽഹി: പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി.യെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വിമാനത്താവളം നിർമിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന സർക്കാരിൽ നിന്നോ വിമാനത്താവള ഡിവലപ്പറിൽ നിന്നോ ലഭിച്ചാൽ നിലവിലുള്ള നയത്തിലെ വ്യവസ്ഥകളനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്‌ഠൻ എം പി നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, നടപടിക്രമങ്ങൾ, വ്യവസ്ഥകൾ, എന്നിവയുൾപ്പെടുന്ന ഒരു ഗ്രീൻഫീൽഡ് വിമാനത്താവളനയം 2008-ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് അപേക്ഷനൽകേണ്ടത്. എന്നാൽ, സംസ്ഥാനസർക്കാരിൽ നിന്നോ  ഏതെങ്കിലും ഏജൻസിയിൽ നിന്നോ പാലക്കാട് വിമാനത്താവളത്തിനായി ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല.

എന്നാൽ, പാലക്കാട് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട്, ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, എന്നീ ഹെലിപ്പോർട്ടുകൾ സ്ഥാപിക്കാൻ റീജണൽ കണക്ടിവിറ്റി സ്കീമായ ഉഡാൻ അനുസരിച്ച് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യോമയാന കമ്പനി ഈ ഹെലിപോർട്ടുകൾക്ക് സാധുവായ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ അത് നിയമസാധുതയനുസരിച്ച് പരിഗണിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!