ഛത്തീസ്‌ഗഢ് : മന്ത്രവാദം ഫലിക്കാൻ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്‌ഗഢിലെ ചിണ്ഡ്‌കലോ ഗ്രാമത്തിലെ 35 വയസുകാരൻ ആനന്ദ് യാദവ് ആണ് മരിച്ചത്. വീട്ടിൽ ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ, മരണകാരണം ഡോക്ടർമാർക്ക് ആദ്യം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് യാദവിന്റെ തൊണ്ടയ്ക്കടുത്തുള്ള ഒരു മുറിവിൽ 20 സെൻ്റിമീറ്റർ നീളമുള്ള ജീവനുള്ള കോഴിക്കുഞ്ഞ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ശ്വാസനാളത്തിലും ഭക്ഷണപാതയിലും കോഴിക്കുഞ്ഞ് തടസ്സം സൃഷ്ടിച്ചത് മൂലം ശ്വാസം മുട്ടലുണ്ടായിട്ടുണ്ടാവാം എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സന്തു ബാഗ് വിശദീകരിച്ചു. തൻ്റെ കരിയറിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തെ നേരിടുന്നതെന്ന് 15,000- ലധികം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സന്തു ബാഗ് പറഞ്ഞു.
യാദവിൻ്റെ മരണത്തിൽ നിഗൂഢതകളുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തതിനാൽ മന്ത്രവാദം ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പിതാവാകാനുള്ള ആഗ്രഹം കൊണ്ട് ആചാരത്തിന്റെ ഭാഗമായി കോഴിക്കുഞ്ഞിനെ വിഴുങ്ങിയതാകാമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.
