തിരുവനന്തപുരം: കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് രാവിലെ ചേരും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാൻ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തലസ്ഥാനത്ത് എത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവർ മുഖ്യമന്ത്രി പദം ആർക്ക് നൽകണമെന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തും. നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനും സാധ്യതയുണ്ട് .രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നലെയാണ് കേരളത്തിലെത്തിയത്.


പുതിയ മുഖ്യമന്ത്രി ആരെന്നു നിശ്ചയിക്കാനുള്ള ചർച്ചകൾ തിരുവനന്തപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ സജീവമായി നടക്കുമ്പോൾ തന്നെ ഡൽഹിയിലും ഇത് സംബന്ധിച്ചുള്ള ചർച്ചകൾ എ ഐ സി സി ആസ്ഥാനത്ത് തകൃതിയായി നടക്കുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുള്ള മൂന്നു പ്രബലരിൽ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ഇന്നലെ നടത്തിയ ചർച്ച നിർണായകമാകും. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും സംസ്ഥാനത്ത് തുടരുന്ന വി ഡി സതീശനു വേണ്ടി ഏതാനും നേതാക്കളും പ്രവർത്തകരും സമ്മർദം ശക്തമാക്കിയിട്ടുണ്ട് .

കേന്ദ്രനിരീക്ഷകരായി തിരുവനന്തപുരത്തെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് നിയുക്ത കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിലാണ് വേണുഗോപാലിനു സാധ്യതയേറുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവരങ്ങൾ കേന്ദ്രനിരീക്ഷകർ ഇന്ന് ഉപയോഗപ്പെടുത്തും. എംഎൽഎമാരുടെ അഭിപ്രായം സംബന്ധിച്ച് ഹൈക്കമാൻഡിന് മിക്കവാറും ഇന്നു തന്നെ റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിലെ ധാരണകൾക്കു വിരുദ്ധമല്ലെങ്കിൽ നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകും .
വേണുഗോപാലിനും രമേശിനും സതീശനും ഒരുപോലെ മുഖ്യമന്ത്രിയാകാനുള്ള കഴിവും അർഹതയും പാർട്ടിയോടുള്ള കൂറും ഉണ്ടെന്നാണു മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി , രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെ വിലയിരുത്തൽ. കേരളത്തിലെ ജനവിധി അറിയുന്നതിന് മുമ്പും ശേഷവും നേരിട്ടും അല്ലാതെയും അനൗപചാരികമായി ഇവർ പലതവണ കൂടിയാലോചന നടത്തിയിട്ടുണ്ട്. വേണുഗോപാലിന്‍റെയും ചെന്നിത്തലയുടെയും സതീശന്‍റെയും വ്യക്തിപരമായ അഭിപ്രായങ്ങളും അർഹതയും താത്പര്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
