തിരുവനന്തപുരം: വയനാട്ടിലെ സിക്കിള്‍ സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് ഈ വർഷവും പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കിറ്റില്‍ പായസം, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും സിക്കിള്‍ സെല്‍ രോഗികള്‍ക്ക് ന്യൂട്രീഷന്‍ കിറ്റിന് പുറമേ ഓണക്കിറ്റ് നല്‍കുന്നു.
വയനാട് ജില്ലയില്‍ സിക്കിള്‍ സെല്‍ അനീമിയ രോഗികളെ കണ്ടെത്തുന്നതിനും ചികിത്സയ്ക്കും വലിയ പുരോഗതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24 സാമ്പത്തിക വര്‍ഷത്തിൽ 1,20,000 പരിശോധനകള്‍ നടത്തുകയും, 58 പുതിയ രോഗികളെ തിരിച്ചറിയുകയും ചെയ്തതായി അറിയിച്ചു. രോഗികള്‍ക്ക് പോഷകാഹാര കിറ്റ് നൽകുന്ന ആശാധാര പദ്ധതിയുടെ ഭാഗമായി, എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗങ്ങള്‍ അടങ്ങിയ കിറ്റുകളും വിതരണം ചെയ്യുന്നു.
മാനന്തവാടി ആശുപത്രിയില്‍ സജ്ജമാക്കിയ പ്രത്യേക വാര്‍ഡും, 108 ആംബുലന്‍സ് സേവനവും രോഗികളുടെ സേവനത്തിനായി ലഭ്യമാണ്.
