കോഴിക്കോട്: മലയാളിയുടെ മനസ്സിലെ അർത്ഥദീർഘമായ ആ ദ്വയാക്ഷരം കാലം കവിഞ്ഞു.
മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി. വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.
മനുഷ്യൻ്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ എഴുത്തിന്റെ പുണ്യം.സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സർഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷമത.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്. മരുമക്കൾ: സഞജയ് ഗിർമേ, ശ്രീകാന്ത് നടരാജൻ. അധ്യാപികയും വിവർത്തകയുമായിരുന്ന പരേതയായ പ്രമീള നായരാണ് ആദ്യഭാര്യ.
സംസ്കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ.
