ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം നാരുകളും ഫോളേറ്റ്, അയേണ്‍ എന്നിവയാല്‍ സമ്പന്നവുമായ ഇവ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.
ഇലക്കറികളില്‍ പ്രാധാന്യമുള്ള ഒന്നാണ് മേത്തിയില. ഉലുവയുടെ ഇലയായ മേത്തിയില, കേരളത്തില്‍ അധികം ഉപയോഗിക്കാത്തതിനാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയില്ല. ഇന്ത്യയിലെ പലയിടങ്ങളിലും പ്രധാനപ്പെട്ട ഇലക്കറിയായ ഉലുവയില, അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് ഏറെ പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ന്യൂട്രീഷന്‍ വിദഗ്ധര്‍ പറയുന്നത് അതിന്റെ ആരോഗ്യ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണു.
തണുത്ത കാലാവസ്ഥയില്‍ ഉലുവയുടെ ഇലകള്‍ കഴിക്കുന്നത് ശരീരത്തില്‍ ചൂട് നിലനിർത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഇതിന് ഉലുവയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചില്‍ തടയും. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.
പ്രമേഹരോഗികള്‍ക്ക് ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാണ് സഹായിക്കുന്നത്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവയില എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഉലുവയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കാത്സ്യവും മഗ്നീഷ്യവും ധാരാളം അടങ്ങിയ ഉലുവയില, എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
കലോറി കുറവായതിനാല്‍ ഉലുവയില കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതിനാല്‍, ഉലുവയില ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. പതിവായി ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്താം.
ഉലുവയിലയുടെ ഈ ഗുണങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
