തട്ടും തട്ടും താളം മുട്ടും മുട്ടും മേളം! ഹൃദയ താളം പാസ്‌വേഡ് ആക്കാൻ തയാറടുത്ത് ആപ്പിള്‍

ഈ ടെക്നോളജി യുഗത്തില്‍ മനുഷ്യന്റെ രഹസ്യങ്ങളുടെ കാവല്‍ക്കാരൻ പാസ്‌വേഡ് ആണ്. സ്മാർട്ട്ഫോണും ലാപ്ടോപ്പുമെല്ലാം ഡിജിറ്റല്‍ ലോകത്തേക്കുള്ള മനുഷ്യന്റെ യാത്രയുടെ ഭാഗമാകുമ്പോള്‍ അതിന് സുരക്ഷയൊരുക്കുന്നത് പാസ്‌വേഡ് ആണ്.

ഓർത്തിരിക്കാനുള്ള എളുപ്പത്തിന് പലരും നമ്ബറുകളാണ് പാസ്‌വേഡ് ആയി ഉപയോഗിക്കുന്നത്. ഇപ്പോൾ ഫെയ്‌സ്, ഫിംഗർ തുടങ്ങിയവയും പാസ്‌വേഡ് ആയി ഉപയോഗിക്കുന്നു. എന്നാൽ ടെക്നോളജി രംഗത്തെ വമ്പന്മാരിലൊരാളായ ആപ്പിള്‍, സയൻസ് ഫിക്ഷൻ സിനിമകളിലേത് പോലെ തോന്നിപ്പിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഐഫോണ്‍, മാക് തുടങ്ങിയ ഡിവൈസുകളിൽ മനുഷ്യന്റെ ഹൃദയമിടിപ്പ് പാസ്‌വേഡ് ആയി ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യക്ക് പേറ്റന്റ് നേടാനാണ് ആപ്പിളിന്റെ ശ്രമം.

ഹൃദയമിടിപ്പ് പാസ്‌വേഡ് ആയി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആപ്പിള്‍ വളരെ ഗൗരവമായി നടത്തിവരുന്നു എന്നാണ് റിപ്പോർട്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ആപ്പിള്‍ വാച്ചിൽ ഇസിജി (ഇലക്‌ട്രോകാർഡിയോഗ്രാം) ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തി, ആപ്പിള്‍ വാച്ച് ധരിക്കുമ്പോൾ അതുമായി കണക്റ്റ് ചെയ്ത് ഹൃദയമിടിപ്പ് പാസ്‌വേഡ് ആക്കി ആപ്പിള്‍ ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ അനുവദിക്കാനാണ് നീക്കം.

ഉടമയുടെ ഹൃദയമിടിപ്പ് ആപ്പിള്‍ വാച്ച് പാസ്‌വേഡ് ആയി തിരിച്ചറിഞ്ഞ്, അതുപയോഗിച്ച് കണക്റ്റ് ചെയ്തിരിക്കുന്ന ഡിവൈസുകൾ അൺലോക്ക് ചെയ്യാനാണ് നീക്കം. ആപ്പിളിന്റെ ഈ പുതിയ പേറ്റന്റ് വിവരങ്ങൾ ആപ്പിള്‍ ഇൻസൈഡറിലാണ്‌ നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ തനതായ ഹൃദയമിടിപ്പിനെ അടിസ്ഥാനമാക്കി അവരെ തിരിച്ചറിയുന്ന ഒരു സാങ്കേതികവിദ്യ ഇതിലുണ്ട്, അത് അൺലോക്കിന് സുരക്ഷിതവും തടസ്സമില്ലാത്തതുമായ രീതി വാഗ്ദാനം ചെയ്യുന്നു.

ആപ്പിള്‍ നേടിയിരിക്കുന്ന പേറ്റന്റിന്റെ സംഗ്രഹം ഇങ്ങനെ: “ഈ പേറ്റന്റ് സാങ്കേതികവിദ്യ, ഉപയോക്താവിന്റെ കാർഡിയാക് ആക്റ്റിവിറ്റിയും കാർഡിയാക്ക് ഇലക്‌ട്രിക്കൽ സിഗ്നലുകളും കണ്ടെത്തുന്ന സംയോജിത സെൻസറുള്ള ഒരു ഇലക്‌ട്രോണിക് ഉപകരണത്തിലേക്കാണ്. കണ്ടെത്തിയ സിഗ്നലുകൾ ഉപയോഗിച്ച് ഇലക്‌ട്രോണിക് ഉപകരണത്തിന് ഉപയോക്താവിനെ തിരിച്ചറിയാനോ സ്ഥിരീകരിക്കാനോ കഴിയും.”

ഹൃദയമിടിപ്പ് എല്ലാവരുടേതും ഒരേപോലെയാണോ? അല്ല എന്നാണ് ആപ്പിളിന്റെ പുതിയ പേറ്റന്റ് സൂചിപ്പിക്കുന്നത്. ഒരേപോലെയാണെങ്കിൽ വാച്ച് ധരിക്കുന്ന ആർക്കും ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ സാധിക്കുമല്ലോ. ആപ്പിളിന്റെ പേറ്റന്റിന്റെ പ്രധാന ആശയം, ഓരോ വ്യക്തിയുടെയും ഹൃദയത്തിന് ഒരു പ്രത്യേക താളമുണ്ട്, അതിനെ ബയോമെട്രിക് ഐഡന്റിഫയർ ആയി ഉപയോഗിക്കാം എന്നതാണ്.

ഓരോ വ്യക്തിയുടേയും തനതായ ഹൃദയമിടിപ്പ് പാറ്റേൺ ക്യാപ്ചർ ചെയ്യാൻ സഹായിക്കുന്ന ഇസിജി സെൻസറുകൾ ആപ്പിള്‍ വാച്ചിൽ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രക്രിയയിൽ ഉപയോക്താവിന്റെ ശരീരവുമായി സമ്പർക്കം പുലർത്തുന്ന രണ്ട് പോയിന്റുകൾ ഉണ്ട്: വാച്ച് ധരിച്ച കൈയിൽ സ്പർശിക്കുന്ന പിൻഭാഗത്തുള്ള സെൻസറും ഉപയോക്താവ് ചൂണ്ടുവിരൽ വയ്ക്കുന്ന ഡിജിറ്റൽ ക്രൗണും.

ഉപയോക്താവ് ECG ആപ്പ് സ്റ്റാർട്ട് ചെയ്ത് ഡിജിറ്റൽ ക്രൗണിൽ സ്പർശിക്കുമ്പോൾ, ഹൃദയത്തിന്റെ ഇലക്ട്രിക് സിഗ്നലുകൾ അളക്കാൻ ആപ്പിള്‍ വാച്ചിനെ അനുവദിക്കുന്ന സർക്യൂട്ട് പൂർത്തിയാകും. മുഴുവൻ ECG റീഡിംഗ് ഉപയോഗിച്ചും ഉപയോക്താവിന്റെ ഹൃദയ താളം പരിശോധിച്ചും, ഉപയോക്താക്കൾക്ക് അവരുടെ ആപ്പിള്‍ വാച്ച് ധരിക്കുന്ന സമയമത്രയും കണക്റ്റുചെയ്‌തിട്ടുള്ള ആപ്പിള്‍ ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ അനുവദിക്കും എന്നതാണ് പേറ്റന്റ് നേടാനൊരുങ്ങുന്ന സാങ്കേതികവിദ്യ.

ആപ്പിള്‍ വാച്ച്‌ ഇസിജി സെൻസറിന് പിന്നിലെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഐഫോണുകളിലേക്ക് ഇസിജി റീഡിംഗ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതയും ഈ പേറ്റന്റ് ഫയലിൽ പരാമർശിച്ചിരിക്കുന്നു. ഐഫോണിന്റെ റിയർ പാനലിനെ ഹൃദയമിടിപ്പ് അളക്കുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാനും നീക്കമുണ്ട്. ഇതുവഴി ആപ്പിള്‍ വാച്ചുകൾക്ക് പിന്നാലെ ഐഫോണുകളും ആരോഗ്യ നിരീക്ഷണ ഫീച്ചറുകളിൽ കൂടുതൽ കരുത്തുനേടും.

ഉപയോക്താവിന്റെ മാനസികാവസ്ഥ തിരിച്ചറിയാൻ ECG ഹാർട്ട് റിതം ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ശ്രമവും ആപ്പിള്‍ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ വ്യായാമം ചെയ്യുമ്പോൾ, ആപ്പിള്‍ വാച്ച് അല്ലെങ്കിൽ ഐഫോണിലെ സെൻസറുകൾ വഴി ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ഈ ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താവിന്റെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ മ്യൂസിക് ക്രമീകരിക്കാനുമാവും.

ഹൃദയമിടിപ്പ് പാസ്വേഡ് ആക്കുന്ന ടെക്നോളജി ആപ്പിള്‍ പ്രയോഗത്തിൽ കൊണ്ടുവന്നാൽ പാസ്വേഡുകളുടെ സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റമായിരിക്കും അത്. പുതിയ പേറ്റന്റിൽ ഗ്ലോറിയ ലിൻ, ടൈഡോ എൽ മകാജിമ, പരീത് രാഹുൽ, ആൻഡ്രൂ ബി ഹോഡ്ജ് എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകർക്ക് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!