കൊച്ചി: പീഡനക്കേസില്‍ എംഎല്‍എ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍ ഹർജി നല്‍കാന്‍ നീക്കം തുടങ്ങി. സെഷന്‍സ് കോടതിയുടെ തീരുമാനം തുടരന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്.
സര്‍ക്കാരിന്റെ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് അന്വേഷണ സംഘം അപ്പീല്‍ സമര്‍പ്പിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിനും നടന്‍ ഇടവേള ബാബുവിനും സെഷന്‍സ് കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു.
കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്ന ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. പരാതി അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുകേഷ് മുമ്പ് പറഞ്ഞിരുന്നു.
