കോഴിക്കോട്: സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന്റെ മാനസികാഘതത്തിൽ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) ജീവനൊടുക്കിയത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ദീപക്കിൻ്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽകോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. തിരക്കുള്ള ബസിൽ ദീപക് ലൈംഗിക പീഡനം നടത്തിയെന്നാരോപിച്ച് ഒരു യുവതി സെൽഫി വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ദീപക് അത്തരത്തിൽ മോശമായി പെരുമാറുന്ന വ്യക്തിയല്ലെന്നാണ് കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും, നാട്ടുകാരുടെയും പ്രതികരണം.
അതേസമയം, ദീപക്കിൻ്റെ വീഡിയോ പകർത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്. ശരീരത്തിൽ സ്പർശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും, പയ്യന്നൂർ വച്ചായിരുന്നു സംഭവമെന്നും. വടകര പൊലീസിൽ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.
