തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്‍റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്‍റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. 200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്‌ണന്‍റെ ബന്ധുവിന്‍റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.


