ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിളക്കുകളുടെ ലേലം ആരംഭിച്ചു. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം നടക്കുക. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ലേലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി സമർപ്പിച്ച വിളക്കുകളും മറ്റ് സാമഗ്രികളുമാണ് ലേലം ചെയ്യുന്നത്. ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് ലേലം. സ്റ്റോഴ്സ് ആൻഡ് പർച്ചേഴ്‌സ് വിഭാഗം ജീവനക്കാർക്കാണ് ലേല നടത്തിപ്പ് ചുമതല.
ദേവസ്വം ഭരണസ്ഥിതി അംഗം സി.മനോജ് ലേലത്തിന്റെ ആദ്യ വിൽപ്പന നിർവ്വഹിച്ചു.ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ് മായാദേവി, അസി.മാനേജർമാരായ വിനോദൻ, സത്യൻ, സെക്ഷൻ ചാർജ് രമേഷ്, ദേവസ്വം ജീവനക്കാർ, തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
