നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു  77വയസ്സായിരുന്നു.വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ  ഒതേനന്റെ മകൻ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമാ പ്രവേശം. പുന്നപ്രയിൽ വെച്ച് നടന്ന ഷൂട്ടിംഗ് കാണാൻ സത്യനോടുള്ള ആരാധന നിമിത്തം ചെന്ന അപ്പച്ചന് സിനിമയിലെ മാനേജരായ ഒരു സുഹൃത്ത് മുഖേന അതിൽ ചെറിയ ഒരുവേഷം കിട്ടി. അതിനുശേഷം ഉദയായുടെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം കിട്ടിയിരുന്നു. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം – എന്ന സിനിമയിൽ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചന് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!