സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ തന്നെയാണ് പങ്കു വെച്ചത്.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ 37-ാം ചിത്രം കൂടിയാണ് ഇത്.
“പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവൻ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ”, മകളുടെ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിർവാദ് സിനിമാസ് രാവിലെ തന്നെ അറിയിച്ചിരുന്നു.
എന്നാൽ ഇത് മോഹൻലാലിന്റെ ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് ആരാധകർ ഊഹിച്ചിരുന്നത്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തിൽ പെടുന്നതാണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
