ദില്ലി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ രണ്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബർ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബർ 20നാണ്. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബർ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തുക.
വോട്ടെണ്ണൽ നവംബർ 23 ന് നടത്തും.
ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ പല വെല്ലുവിളികൾ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി. എവിടെയും റീപോളിംഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളും ഉണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു..
അദേസമയം പാലക്കാട് കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ 13ാം തിയതി എന്നത് പാലക്കാട് മണ്ഡലത്തിൽ മാറ്റണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടു.
